ബിലൈവ്‌ ന്യൂസ്‌

ബിലൈവ്‌ ന്യൂസ്‌
Its future media

Search This Blog

Wednesday 1 June 2011

മരണത്തിന്റെ മുരള്‍ച്ച...

സമയം രാത്രി ഒമ്പതര മണി. സ്ഥലം ബാംഗ്‌ളൂര്‍ സിറ്റി റെയില്‍വേസ്‌റ്റേഷന്‍. ഒരു പകല്‍ നീണ്ട തീവണ്ടി യാത്ര സമ്മാനിച്ച ക്ഷീണവുമായാണ്‌ ഞാന്‍ റെയില്‍വേസ്‌റ്റേഷന്‌ പുറത്തിറങ്ങിയത്‌. മുമ്പ്‌ ഒരുതവണ ബാംഗ്‌ളൂര്‍ വന്നിട്ടുണ്ടെങ്കിലും ട്രെയിനില്‍ ഇതാദ്യമായാണ്‌ ബാംഗ്‌ളൂരിലേക്ക്‌ വരുന്നത്‌. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടെസ്‌റ്റ്‌ എഴുതുന്നതിനായാണ്‌ ബാംഗ്‌ളൂരില്‍ എത്തിയത്‌.
സഹോദരന്‍ ബാംഗ്‌ളൂരിലുള്ളതുകൊണ്ടാണ്‌ ഒരു ദിവസം മുമ്പെതന്നെ എത്തിയത്‌. സ്‌റ്റേഷന്‌ പുറത്ത്‌ സാമാന്യം നല്ല തിരക്കുണ്ട്‌. എവിടെനിന്നോ വരുന്നവരും എവിടേക്കോ പോകുന്നവരും എന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഏകദേശം പത്തുമിനിറ്റ്‌ കഴിഞ്ഞപ്പോള്‍ സഹോദരന്‍, എത്തി. ബാംഗ്‌ളൂരിലെ ഒരു റീട്ടെയില്‍ സ്‌റ്റോറില്‍ മാനേജരായി ജോലി ചെയ്യുകയാണ്‌ അവന്‍. പണ്ടുമുതല്‍ക്കേ ബൈക്കുകള്‍ അവന്‌ ഒരു ഹരമായിരുന്നു. അതുകൊണ്ടാകണം ബാംഗ്‌ളൂരില്‍ ജോലി ലഭിച്ച്‌ അധികം കഴിയുന്നതിന്‌ മുമ്പ്‌ ഒരു ബജാജ്‌ പള്‍സര്‍ അവന്‍ സ്വന്തമാക്കിയിരുന്നു. രാത്രി ഒമ്പതര കഴിഞ്ഞതിനാല്‍ റോഡില്‍ നന്നേ തിരക്ക്‌ കുറവായിരുന്നു. ഒരു തവണ അവന്‌ വഴി തെറ്റുകയും ചെയ്‌തു.

ബാംഗ്‌ളൂര്‍ നഗരത്തില്‍ ഫ്‌ളൈഓവറുകളും അടിപ്പാതകളും താണ്ടി ഞങ്ങള്‍ മുന്നോട്ട്‌ കുതിച്ചു. റോഡില്‍ മറ്റ്‌ വാഹനങ്ങള്‍ അധികമില്ലാത്തതിനാലാകാം നല്ല വേഗതയില്‍ തന്നെയാണ്‌ അവന്‍ ബൈക്ക്‌ ഓടിക്കുന്നത്‌. പൊടുന്നനെയാണ്‌ അത്‌ സംഭവിച്ചത്‌. ഞങ്ങള്‍ക്ക്‌ തൊട്ടുമുമ്പില്‍ പോകുകയായിരുന്ന ഒരു കാര്‍ പെട്ടെന്ന്‌ ബ്രേക്കിടുകയും അതേപോലെ മുന്നോട്ടെടുക്കുകയും ചെയ്‌തു. ഇതിനിടയില്‍ കാറിന്റെ പുറകുവശത്ത്‌ തട്ടി ബൈക്ക്‌ മറിയുകയും ഞങ്ങള്‍ റോഡിലേക്ക്‌ പതിക്കുകയും ചെയ്‌തു. എന്റെ പുറകുവശത്ത്‌ വലിയൊരു ബാഗ്‌ ഉള്ളതുകൊണ്ട്‌ ഞാന്‍ അതിന്‌ മുകളിലേക്കാണ്‌ വീണത്‌. കൈവിരല്‍ റോഡില്‍ കുത്തിയതിനാല്‍ നല്ല വേദനയുണ്ട്‌. മറ്റ്‌ കുഴപ്പമൊന്നുമില്ല. എന്നാല്‍ സഹോദരന്റെ കൈയ്‌ക്കും കാലിനുമൊക്കെ നല്ല വേദനയുണ്ടായിരുന്നു.

ഇനി യഥാര്‍ത്ഥ സംഭവത്തിലേക്ക്‌ കടക്കാം. പകല്‍സമയത്തോ രാത്രി ഒമ്പതു മണിക്ക്‌ മുമ്പോ ആണ്‌ ഈ അപകടം നടന്നതെങ്കില്‍ തീര്‍ച്ചയായും പുറകില്‍ വരുന്ന വാഹനം ഞങ്ങളുടെ മേല്‍ കയറിയിറങ്ങുമായിരുന്നു. ബൈക്ക്‌ മറിഞ്ഞ്‌ റോഡില്‍ വീഴുമ്പോള്‍ ഒരു മുരള്‍ച്ച കേട്ടു. മരണത്തിന്റെ മുരള്‍ച്ചയാകാം അതെന്ന്‌ ഞാന്‍ കരുതി. ശബ്‌ദം കേട്ടത്‌ പുറകുവശത്ത്‌ നിന്നായിരുന്നു. നോക്കുമ്പോള്‍ വളരെ വേഗത്തിലെത്തിയ ഒരു കാര്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്യുകയായിരുന്നു. അകലെനിന്നാണ്‌ ബ്രേക്ക്‌ ചെയ്‌തതെങ്കിലും കാര്‍ മുന്നോട്ട്‌ നിരങ്ങി ഞങ്ങളുടെ തൊട്ടതുത്തെത്തിയാണ്‌ നിന്നത്‌. വളരെ ദൂരെ നിന്ന്‌ ബൈക്ക്‌ മറിയുന്നത്‌ ആ കാറിന്റെ ഡ്രൈവര്‍ കണ്ടതുകൊണ്ടാണ്‌ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്യാന്‍ സാധിച്ചത്‌. അപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌, മരണത്തിന്റെ മുരള്‍ച്ചയല്ല, മരണം പിന്‍വാങ്ങുന്ന മുരള്‍ച്ചയാണ്‌ അപ്പോള്‍ കേട്ടതെന്ന്‌.

10 comments:

  1. മരണം പിൻ വാങ്ങൂന്ന മുരൾച്ച നേരിട്ടനുഭവിച്ചറിഞ്ഞു അല്ലേ...
    നാന്നായിട്ടുണ്ട് ബൂലോഗത്തിലെ തുടക്കം കേട്ടൊ അനുരാജ്

    ReplyDelete
  2. label അനുഭവം എന്ന് ആക്കാമല്ലോ ..
    ആശംസകള്‍ .ഇനിയും എഴുതൂ ..
    ഒരു റിപ്പോര്‍ട്ട്‌ പോലെ വായിച്ചു പോയി ..
    എങ്കിലും അവസാന വാചകം
    ഇഷ്ട്ടപ്പെട്ടു ..തലക്കെട്ടും...

    ReplyDelete
  3. മരണത്തോട് മുഖാമുഖം:(

    ReplyDelete
  4. അനുഭവം നന്നായി എഴുതി. എന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള മുരൾച്ചകൾ ധാരാളം കേട്ടതാണ്.
    പിന്നെ ആ വേഡ് വരിഫിക്കേഷൻ മാറ്റിയാൽ നന്നായിരിക്കും.

    ReplyDelete
  5. തുടക്കക്കാരന് ആശംസകള്‍.

    മരണം തൊട്ടുരുമ്മി കടന്നു പോയത് വായനയിലൂടെ അനുഭവിച്ചു.നല്ല എഴുത്ത് !!

    ആ വേഡ് വരിഫിക്കേഷൻ തൊന്തരവായല്ലൊ ഒന്നു മാറ്റാമോ?

    ReplyDelete
  6. കൊള്ളാം , പുതിയ ഉദ്യമത്തിന് ഭാവുകങ്ങള്‍ ,,,,,,ഒന്ന് കൂടി മയപ്പെടുത്താമായിരുന്നു ,,എന്നൊരു തോന്നല്‍ , തോന്നലാകാം ,
    ബാക്കി കമന്റ് സഹോദരന് ..കൊടുക്കാം ഹ ഹ ...

    ReplyDelete