ബിലൈവ്‌ ന്യൂസ്‌

ബിലൈവ്‌ ന്യൂസ്‌
Its future media

Search This Blog

Friday 20 May 2011

ഗാംഗുലി മികച്ച ക്യാപ്റ്റന്‍


2011ലെ ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ചാംപ്യന്‍മാരായി. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിജയിച്ചശേഷം ഇതാദ്യമായാണ്‌ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ലോകകിരീടം നേടുന്നത്‌. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ആരെന്ന കാര്യത്തില്‍ ഒരു സംവാദം ഉയര്‍ന്ന്‌ വന്നിരിക്കുകയാണ്‌.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍മാരായി ക്രിക്കറ്റ്‌ വിദഗ്‌ദ്ധര്‍ അവതരിപ്പിക്കുന്നത്‌ മഹേന്ദ്രസിംഗ്‌ ധോണിയെയും സൗരവ്‌ ഗാംഗുലിയെയുമാണ്‌.
ലോകകപ്പും പിന്നിട്ട്‌ ഐപിഎല്‍ മല്‍സരങ്ങള്‍ തകൃതിയായി പുരോഗമിക്കുമ്പോഴും ഇന്ത്യയുടെ മികച്ച ക്യാപ്‌റ്റന്‍ ധോണിയാണോ ഗാംഗുലിയാണോ എന്ന ചര്‍ച്ച കൊടുമ്പിരി കൊണ്ട്‌ മുന്നേറുകയാണ്‌.
ലോകകപ്പ്‌ വിജയിച്ച ശേഷം, താന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച ക്യാപ്‌റ്റന്‍ ധോണിയാണെന്ന്‌ അഭിപ്രായപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്‌ ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പിന്നീട്‌ ജെഫ്രി ബോയ്‌കോട്ട്‌, ഹര്‍ഷ ഭോഗ്‌ളെ, വീരേന്ദര്‍ സെവാഗ്‌ തുടങ്ങിയവരൊക്കെ ഗാംഗുലിയുടെ പക്ഷം പിടിച്ചപ്പോള്‍ റോജര്‍ബിന്നി, സിദ്ദു, ഇയാന്‍ ചാപ്പല്‍, ഹര്‍ഭജന്‍സിംഗ്‌ തുടങ്ങിയവര്‍ ധോണിയെ മികച്ച ക്യാപ്‌റ്റനായി വാഴ്‌ത്തി. എന്നാല്‍ രവിശാസ്‌ത്രി, സുനില്‍ ഗാവസ്‌ക്കര്‍, ദ്രാവിഡ്‌ യുവരാജ്‌സിംഗ്‌, സഹീര്‍ഖാന്‍ എന്നിവര്‍ ഗാംഗുലിയും ധോണിയും മികച്ച ക്യാപ്‌റ്റന്‍മാരാണെന്നാണ്‌ പറഞ്ഞത്‌. കഴിഞ്ഞദിവസം ധോണിയേക്കാള്‍ മികച്ച ക്യാപ്‌റ്റന്‍ ഗാംഗുലിയാണെന്ന്‌ അഭിപ്രായപ്പെട്ട്‌ മുന്‍ ക്യാപ്‌റ്റന്‍ അസറുദ്ദീന്‍ രംഗത്തെത്തിയിരുന്നു. ആരാണ്‌ ഇന്ത്യയുടെ മികച്ച ക്യാപ്‌റ്റന്‍?
ക്യാപ്‌റ്റനെന്ന നിലയില്‍ ഇരുവരും കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തിയാല്‍ ധോണിയാണ്‌ മുമ്പില്‍. ഏകദിനത്തില്‍ ലോകകിരീടം, ട്വന്റി20 ലോകകിരീടം, ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനം അങ്ങനെ എണ്ണം പറഞ്ഞ നേട്ടങ്ങള്‍ നിരവധിയുണ്ട്‌ ധോണിയുടെ ഷോക്കേസില്‍. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, വെസ്‌റ്റിന്‍ഡീസ്‌, ഇംഗ്‌ളണ്ട്‌, ന്യൂസിലാന്‍ഡ്‌, ദക്ഷിണാഫ്രിക്ക തുടങ്ങിവര്‍ക്കെതിരെ അവരുടെ നാട്ടില്‍ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം ചരിത്രവിജയങ്ങള്‍ നേടാനായതാണ്‌ ഗാംഗുലിയുടെ നേട്ടങ്ങള്‍. പക്ഷെ ഇരുവരും ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്ത സാഹചര്യവും അന്നത്തെ ടീമിന്റെ നിലവാരവും പരിശോധിക്കപ്പെടേണ്ട ഘടകങ്ങളാണ്‌. 2000ല്‍ കോഴവിവാദത്തെ തുടര്‍ന്ന്‌ അസറുദ്ദീന്‍ ഒഴിഞ്ഞപ്പോഴാണ്‌ ഗാംഗുലി ക്യാപ്‌റ്റനായത്‌. അസറിനൊപ്പം, ജഡേജയും ടീമില്‍ നിന്ന്‌ പുറത്തായി. ഒരുപിടി യുവതാരങ്ങളെയും കൂട്ടിയാണ്‌ ഗാംഗുലി പടപുറപ്പാട്‌ നടത്തിയത്‌.
അക്കാലത്ത്‌ ബിസിസിഐ മുംബയ്‌, കര്‍ണാടക, തമിഴ്‌നാട്‌ ലോബികളുടെ പിടിയിലായിരുന്നു. അതുകൊണ്ടുതന്നെ ടീമിലെ സ്ഥാനം ഏറെയും മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നായിരിക്കും. ഈ രീതിക്കെതിരെ സമരം ചെയ്‌തുകൊണ്ടാണ്‌ ഗാംഗുലി തുടങ്ങിയത്‌. പ്രാദേശിക മല്‍സരങ്ങള്‍ സശ്രദ്ധം വീക്ഷിച്ച്‌ കഴിവുള്ള കളിക്കാരുടെ ലിസ്‌റ്റ്‌ തയ്യാറാക്കിയ ഗാംഗുലി, വീരേന്ദര്‍സെവാഗ്‌(ഡല്‍ഹി) യുവരാജ്‌ സിംഗ്‌, ഹര്‍ഭജന്‍സിംഗ്‌(പഞ്ചാബ്‌), മുഹമ്മദ്‌ കൈഫ്‌(യുപി), സഹീര്‍ഖാന്‍(ബറോഡ- സഹീര്‍ ജനിച്ചത്‌ മുംബയിലാണെങ്കിലും അവിടെ ടീമില്‍ ഇടം കണ്ടെത്താനാകാതെ രഞ്‌ജി കളിച്ചത്‌ ബറോഡയ്‌ക്ക്‌ വേണ്ടിയാണ്‌), ആശിഷ്‌ നെഹ്‌റ(ഡല്‍ഹി) തുടങ്ങിയവരെയൊക്കെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശക്‌തമായ സമ്മര്‍ദ്ദം ചെലുത്തിയ ഗാംഗുലി ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു. പിന്നീട്‌ ബാലാജി(തമിഴ്‌നാട്‌) റെയ്‌ന, പ്രവീണ്‍കുമാര്‍(യുപി), ഗംഭീര്‍(ഡല്‍ഹി) തുടങ്ങി എംഎസ്‌ ധോണി(ജാര്‍ഖണ്ഡ്‌) വരെ ഗാംഗുലിയുടെ നായകത്വത്തില്‍ ടീമിലെത്തിയവരാണ്‌.

1 comment:

  1. വായിച്ചു...
    ഈ വാക്ക് തിട്ടപ്പെടുത്തൽ എടുത്തുകളയൂ കേട്ടൊ

    ReplyDelete